ഓണക്കാലത്ത് ബോറടി മാറ്റാം, കാസര്‍കോട് ജില്ലയിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകാം
കാസര്‍കോട്: കോടിയുടുത്ത് പൂക്കളമിട്ട് ഓണമുണ്ട് വീട്ടിലിരിക്കാതെ ഇത്തവണ കുടുംബത്തോടൊപ്പം നാടുകാണാം. നാടിന്റെ നന്മകളെയും കഴിഞ്ഞു പോയ കാലത്തിന്റെ പ്രതാപത്തെയും ഒക്കെ തുറന്നു കാട്ടുന്ന അവസരങ്ങളാണ് ഓരോ ഓണക്കാലവും. തിരക്കു പിടിച്ച ആഘോഷങ്ങള്‍ക്കു പകരം നന്‍മ നിറഞ്ഞ കൂടിച്ചേരലുകളാവട്ടെ ഇത്തവണത്തെ ഓണത്തിന്. ഓണത്തിന്റെ ദിവസങ്ങളില്‍ വീട്ടുകാരുമൊത്ത് ചെറിയ ഒരു യാത്ര ആയാലോ…
അണിഞ്ഞൊരുങ്ങിയ റാണിപുരം മാടിവിളിക്കുന്നു
റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം ഊട്ടിയോട് ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ അത്രയും തടാകങ്ങളൊന്നും റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാന്‍ ഒരു നല്ല സ്ഥലമാണ് റാണിപുരം മലനിരകള്‍. രണ്ട് മലകയറ്റ പാതകള്‍ ഇടതൂര്‍ന്ന നിത്യഹരിത വനങ്ങള്‍ക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയില്‍ ഇടയ്ക്കിടക്കായി മലചെത്തിയ പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളില്‍ എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്.
കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റര്‍ കിഴക്കായി. സമുദ്രനിരപ്പിന് 780 മീറ്റര്‍ ഉയരമുണ്ട്. ഊട്ടിയിലെ പ്രകൃതിയുടെ സൗന്ദര്യവും അതിര്‍ത്തിയും. ട്രക്കിംഗിന് അനുയോജ്യമായ സ്ഥലം. ടൂറിസ്റ്റ് കോട്ടേജുകള്‍ ഇവിടെ ലഭ്യമാണ്. രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയാണ് പ്രവേശനം.
കോട്ട ഭംഗിയും തിരയും കാണാം
കേരളത്തിലെ കോട്ടകളില്‍ വെച്ച് മനോഹാരിതയില്‍ ഏറ്റവും മുന്‍പന്തിയിലാണ് ബേക്കല്‍ കോട്ട.
പളളിക്കര വില്ലേജില്‍ കടലിനോടു ചേര്‍ന്നുളള 35 ഏക്കര്‍ സ്ഥലത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്.
ജില്ലയില്‍ കാഞ്ഞങ്ങാട്ട് നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ ദൂരമാണ് കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലേക്കുള്ളത്. കോട്ടയുടെ തീരങ്ങളില്‍ തിരമാലകള്‍ വന്നു ഉമ്മ വെക്കുന്ന കാഴ്ച ഏറെ കുളിര്‍മ നല്‍കുന്നതാണ്. കോട്ടയുടെ മുകളില്‍ നിന്നാല്‍ കടലിന്റെ മനോഹരമായ ദൃശ്യം സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കിവെച്ചേക്കുന്നത് കാണാന്‍ സാധിക്കും.
രാവിലെ 9 മുതല്‍ വൈകീട്ട് 6 വരേയാണ് പ്രവേശനം. സമീപത്തായി ബേക്കല്‍ ബീച്ചും സ്ഥിതിചെയ്യുന്നു. ബേക്കല്‍ ബീച്ചിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലിലേക്ക് കോട്ടയുടെ ചുണ്ടുകള്‍ നീട്ടി വെച്ചിരിക്കുന്ന കാഴ്ച സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.
വിളിക്കുന്നു; കായലിലെ പുരവഞ്ചികള്‍
കായലോര ടൂറിസത്തിനു പേരുകേട്ട ജില്ലയിലെ സ്ഥലമാണ് അച്ചാം തുരുത്തിയും കോട്ടപ്പുറവും.
ഈന്തപ്പനകളുടെ പച്ചപ്പ് നിറഞ്ഞ പശ്ചാത്തലം, തെളിഞ്ഞ നീല വെള്ളമുള്ള നദി, സൂര്യന്‍ അസ്തമിക്കുമ്പോള്‍ സിന്ദൂരം നിറഞ്ഞ മേഘങ്ങളുള്ള ആകാശം എന്നിവ ഇവിടെ ഉറപ്പുള്ള ചില കാഴ്ചകളാണ്. 20 ഓളം ഹൗസ് ബോട്ടുകള്‍ കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ മികച്ച കരകൗശല വിദഗ്ധര്‍ നിര്‍മ്മിച്ച ഫൈവ് സ്റ്റാര്‍ റൈഡുകളാണ് കോട്ടപ്പുറം ഹൗസ് ബോട്ടുകള്‍. ട്രെന്‍ബോലോണ്‍ 100 ആരോഗ്യകരമായ വായുവിന്റെയും വെളിച്ചത്തിന്റെയും ഒഴുക്ക് ഉറപ്പാക്കുന്നതിനാണ് ഹൗസ്‌ബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .
പൊസഡിഗുംബെ
കാസര്‍കോട്ടെ അധികമാരുമറിയാത്ത ഒരു ഹില്‍സ്റ്റേഷനാണ് പൊസഡിഗുംബെ. ആ മലമുകളില്‍ നിന്ന് നോക്കിയാല്‍ മഞ്ഞുകണങ്ങള്‍ സ്വര്‍ഗത്തേരില്‍ വിണ്ണില്‍നിന്ന് മണ്ണിലേക്ക് വീണിറങ്ങുന്നത് നേരില്‍ കാണാം.
കാസര്‍കോട് ജില്ലയിലെ ഏറ്റവും വികസന സാധ്യതയുള്ള ഹില്‍സ് റ്റേഷനാണ് പൊസഡിഗുംബെ.
ധര്‍മ്മത്തടുക്കയില്‍ നിന്ന് ബായാറിലേക്ക് പോകുന്ന വഴിയിലാണ് ഈ മലനിരകള്‍. കാസര്‍കോട്ടെ പൈവളിഗെ എന്ന ഗ്രാമത്തിലാണ് പൊസഡിഗുംബെ സ്ഥിതി ചെയ്യുന്നത്. ഒരു കന്നഡ ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിയാന്‍ അവസരമൊരുങ്ങും ഇവിടെ എത്തിയാല്‍.