മലപ്പുറം: പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോൾ സജീവിന്റെ ഉടമസ്ഥതയിലുള്ള എയർഗൺ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണ് പോലിസ് നിഗമനം. വെടിയേറ്റ ഉടനെ പെരുമ്പടപ്പ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തൃശ്ശൂർ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയോടെ ആമയം ജുമാഅത്ത് പള്ളിയിൽ കബറടക്കും. റൈഹാനത്താണ് ഷാഫിയുടെ ഭാര്യ. മക്കൾ: മുഹമ്മദ് ഷഹീൻ, ഷഹ്മ, ഷഹസ.