ദിസ്പൂര്‍: ബിജെപി എംപിയുടെ വീട്ടില്‍ നിന്നും 10 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനകത്തെ മുറിയിലാണ് അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. അസമിലെ സില്‍ചാറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ബിജെപി എംപി രാജ്ദീപ് റോയിയുടെ സില്‍ചാറിലെ വീട്ടിലാണ് മരണം നടന്നത്. കുട്ടിയുടെ മാതാവ് എംപിയുടെ വീട്ടില്‍ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു. വര്‍ഷങ്ങളായി അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പം എംപിയുടെ വീട്ടിലാണ് കുട്ടി കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ് എംപി രാജ്ദീപ് വസതിയിലെത്തി. മൃതദേഹം കണ്ടെത്തിയ മുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സില്‍ച്ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി കച്ചാര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (എഎസ്പി) സുബ്രത സെന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.