പത്തനംതിട്ട: പുളിക്കീഴില്‍ ഗര്‍ഭിണിയായ 19 വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് വാഴപ്പറമ്പില്‍ ശ്യാം കുമാറിനെയാണ് (29) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായര്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. യുവതി പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍പ്പോയ പ്രതിയെ പുലര്‍ച്ചയോടെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ ഇ.അജീബ് പറഞ്ഞു. പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
