മലപ്പുറം: തുവ്വൂരിൽ വീട്ടു വളപ്പിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതെന്നു മൊഴി. തുവ്വൂർ കൃഷി ഭവനിൽ ജോലി ചെയ്തിരുന്ന പള്ളി പറമ്പ് മാങ്കൂത്ത് മനോജിൻ്റെ ഭാര്യ സുജിത (35)യുടെ മൃതദേഹമാണ് വീട്ടുവളപ്പിൽ കുഴിച്ചിട്ടെന്ന് കേസിൽ കസ്റ്റഡിയിലായവർ മൊഴി നൽകി.
സുജിതയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.സുജിതയെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു വിഷ്ണു മൊഴി നൽകി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും , ,സുഹൃത്തിന്റേയും സഹായത്തോടെയാണ് കുഴിച്ചിട്ടത്. കേസിൽ വിഷ്ണുവടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് പിടിയിലായത്.യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കട്ടർ ഉപയോഗിച്ചു മുറിച്ചെടുത്തു. പ്രതി ആഭരണങ്ങൾ വിൽക്കാനും ശ്രമിച്ചു.ആശുപത്രിയിൽ പോകണമെന്നു പറഞ്ഞാണ് സുജിത ജോലി ചെയ്യുന്ന കൃഷി ഭവനിൽ നിന്നു പോയത്. എന്നാൽ പിന്നീട് ഇവരെ കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് വീട്ടുകാർ പരാതി നൽകുകയായിരുന്നു. സുജിതയും വിഷ്ണുവും തമ്മിലുള്ള ബന്ധമെന്താണെന്നും കൊലക്ക് കാരണം എന്താണെന്നും പൊലീസ് അനേഷിച്ചു വരികയാണ്.