കാസർകോട്: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നു. രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി.
വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ഒരു കോച്ചിന്റെ ഗ്ലാസ് പൊട്ടി. ആർക്കും പരിക്കില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.വന്ദേ ഭാരത് ട്രെയിനിനു മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. ആർക്കും പരിക്കേറ്റില്ല. ചില്ലിന് വിള്ളലുണ്ടായി.കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്സ്‌പ്രസ്. കണ്ണൂരിലും, കാസർകോടും അടുത്തിടെ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത് കണക്കിലെടുത്ത് വ്യാപക ബോധവത്കരണ പരിപാടികൾ റെയിൽ പ്രഖ്യാപിച്ചിരുന്നു. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. തുടർച്ചയായി കല്ലേറുണ്ടാകുന്നത് യാത്രികരെയും ആശങ്കയിലാക്കുന്നുണ്ട്.