റെയില്‍വേ സ്റ്റേഷനില്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമം, കാസര്‍കോട് സ്വദേശിനിയെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി പോലീസ്; ബേക്കല്‍ പോലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ എത്തിയ കാസര്‍കോട് സ്വദേശിനി വിഷം കഴിച്ചു ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസറുടെ സന്ദര്‍ഭോചിത ഇടപെടല്‍ യുവതിയെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി. യുവതി ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ കൗണ്ടറിനു സമീപത്ത് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അവശനിലയില്‍ യുവതിയെ കണ്ടത്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ ടിക്കറ്റ് കൗണ്ടറിനടുത്ത് അസ്വാഭാവികമായി ഒരു യുവതി ഇരിക്കുന്നത് കണ്ട ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വെ പൊലീസിലെ സി.പി.ഒ നിഖില്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. സംഭവത്തില്‍ പന്തികേട് തോന്നിയ നിഖില്‍, ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് താന്‍ കാസര്‍കോട് സ്വദേശിനിയാണെന്ന് വ്യക്തമാക്കിയത്. ഭര്‍ത്താവുമായി വഴക്കിട്ട് സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങുകയായിരുന്നു. പിന്നീട് കാസര്‍കോട് നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കണ്ണൂരില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും അതിനിടയില്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു. പറഞ്ഞു തീരും മുമ്പ് തന്നെ യുവതി കൂടുതല്‍ അവശയാവുകയും പിന്നീട് അബോധാവസ്ഥയിലുമായി. ഇതുകണ്ട നിഖില്‍ മറ്റൊന്നും ആലോചിക്കാതെ യുവതിയെ താങ്ങിയെടുത്ത് റെയില്‍വേ സ്റ്റേഷന്‍ കവാടത്തിനു മുന്‍പില്‍ തന്നെയുണ്ടായിരുന്ന ഓട്ടോയില്‍ കയറ്റി കണ്ണൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിക്ക് വിഷബാധയേറ്റതിനാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഐസിയുവിലേക്ക് മാറ്റി. യാത്രയ്ക്കിടയില്‍ തന്നെ നിഖില്‍ യുവതിയുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ പരിശോധിക്കുകയും സഹോദരനെ വിളിച്ച് സംഭവത്തിന്റെ ഗൗരവാവസ്ഥ അറിയിച്ചു. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തക്കസമയത്ത് നടപടി സ്വീകരിച്ച നിഖിലിനോടും കേരളാ പോലീസിനോടും ബന്ധുക്കള്‍ നന്ദിയറിയിച്ചു. അതേസമയം മൈലാട്ടി സ്വദേശിനിയായ 30 കാരി ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങാനുള്ള കാര്യം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page