മംഗളൂരു: കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസുകളില്‍ പ്രതിയായി ഒന്നര വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മുടിപ്പു സ്വദേശി മുടിപ്പു റഫീഖ് എന്ന മുഹമ്മദ് റഫീഖാ(36)ണ് അറസ്റ്റിലായത്. ബംഗളൂരുവിലെ ഹൊസ്‌കോട്ടെയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത റഫീഖിനെ തുടര്‍ന്ന് വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മുള്‍ക്കി പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസ്, ബാര്‍കെ പൊലീസ് സ്റ്റേഷനില്‍ വധശ്രമക്കേസ്, വനിതാ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ്, ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ച ഗൂഢാലോചന, കൊണാജെയില്‍ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളാണ് റഫീഖിന്റെ പേരിലുള്ളത്. മംഗളൂരു പോലീസ് സ്റ്റേഷന്‍, ബണ്ട്വാള്‍ സിറ്റി പോലീസ് സ്റ്റേഷന്‍, കേരളത്തിലെ മഞ്ചേശ്വരം, കണ്ണൂര്‍, തലശേരി പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലും റഫീഖ് പ്രതിയാണ് സിറ്റി ക്രൈംബ്രാഞ്ച് എസിപി പി എ ഹെഗ്ഡെ, പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം സുന്ദര്‍, പിഎസ്ഐമാരായ സുദീപ് എംവി, ശരണപ്പ ഭണ്ഡാരി എന്നിവര്‍ ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്.