കാസര്‍കോട്: പണത്തിനുവേണ്ടി ഭാര്യയോട് നഗ്‌നമായി വീഡിയോ കോള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്ത ഭര്‍ത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് ഭാര്യയുടെ പരാതി.
പാലായിയില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസം. ആളുകളില്‍ നിന്നും പണം വാങ്ങി ഭാര്യയെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും അവരോട് വിവസ്ത്രയായി നിന്ന് വീഡിയോ കോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ലക്ഷക്കണക്കിന് രൂപ കടമുണ്ടെന്നും അത് പരിഹരിക്കാന്‍ നിവൃത്തിയില്ലെന്നും അതിനാല്‍ പറയുന്ന ആള്‍ക്ക് മുന്നില്‍ വിവസ്ത്രയായി വന്ന് സംസാരിക്കണമെന്നു അദ്ദേഹം നിര്‍ബന്ധം പിടിച്ചുവെന്നാണ് പറയുന്നത്. വിസമ്മതം അറിയിച്ചതോടെ ശാരീരികമായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇതേചൊല്ലി ഭര്‍ത്താവ് ക്രൂരമായി ശാരീരികപീഡനത്തിന് ഇരയാക്കിയപ്പോഴാണ് 20 കാരിയായ ഭാര്യ നീലേശ്വരം പോലീസില്‍ അഭയം തേടിയത്. യുവതി കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ താമസക്കാരിയാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. വൈശാഖിനെതിരെ കേസെടുത്ത നീലേശ്വരം പോലീസ് ഇതേകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.