മംഗളൂരു: നഴ്സിങ്ങ് വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മംഗളൂരുവിൽ സ്വകാര്യ നഴ്സിങ്ങ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായ ബൽത്തങ്ങാടി നെരിയ ഗ്രാമത്തിലെ സുമ (19) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളേജിൽ പോകാതിരുന്ന സുമയെ ഓഗസ്റ്റ് 9 ന് അസുഖം കൂടിയതിനെ തുടർന്ന് മംഗുളൂരിവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് 13 ന് അസുഖം മൂച്ഛിക്കുകയായിരുന്നു. രക്തസമ്മർദ്ദം താഴ്ന്നതോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണം.അടുത്തിടെ ചെറുപ്പക്കാർ കുഴഞ്ഞ് വീണ് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിൽ പനി ബാധിച്ച് സ്കൂൾ വിദ്യാത്ഥിനി മരിച്ചിരുന്നു. സമാനമായ രീതിയിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ ചാമരാജ് നഗറിലും സ്കൂൾ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ജിംനേഷ്യത്തിൽ പോകുന്ന യുവാക്കളും കുഴഞ്ഞ് വീണ് മരിക്കുന്ന സംഭവങ്ങൾ അടുത്തിടെ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും കുഴഞ്ഞ് വീണ് മരിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു