കാസർകോട്: ഇരുചക്രവാഹനങ്ങളിലെത്തി വഴിയാത്രക്കാരായ സ്‌ത്രീകളുടെ കഴുത്തില്‍ നിന്നു മാലപൊട്ടിച്ചു രക്ഷപ്പെടുന്ന സംഘങ്ങൾ കൂടിയതോടെ പൊറുതി മുട്ടി കാസർകോട് ജില്ലയിലെ പൊലീസ്. കള്ളന്മാരെ പിടിക്കാൻ നാട്ടുകാരുടെ സഹായം അഭ്യർത്ഥിച്ചിച്ചിരിക്കുകയാണ് പൊലീസ്. കാസർകോട് മേല്‍പറമ്പ്, ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ആരംഭിച്ചു. നാലു ദിവസം മുമ്പ് തുടങ്ങിയ അനൗണ്‍സ്‌മെന്റ് വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം . ഓണം അടുത്തതോടെ കൂടുതല്‍ ആളുകൾ പുറത്തിറങ്ങുമെന്നും മാലതട്ടിപ്പറിക്കുവാന്‍ സാധ്യതയുണ്ടെന്നമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അനൗണ്‍സ്‌മെന്റ് . ഇടുങ്ങിയ വഴികളില്‍ കൂടി സ്‌ത്രീകളും കുട്ടികളും തനിച്ച് യാത്രചെയ്യരുതെന്നും യാത്ര ചെയ്യുമ്പോൾ ആഭരണങ്ങള്‍ ധരിക്കാതിരിക്കാനോ, പുറത്തുകാണാതിരിക്കാനോ തയ്യാറാകണമെന്ന് പൊലീസിന്റേ അനൗണ്‍സ്‌മെന്റില്‍ പറയുന്നു.തനിച്ചുള്ള യാത്രയ്‌ക്കിടയില്‍ അപരിചിതർ എന്തെങ്കിലും തന്നാല്‍ വാങ്ങരുതെന്നും അത്തരക്കാരുടെ ഫോട്ടോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തണമെന്നും പ്രായമായവരെ തനിച്ചുവീട്ടിലാക്കി പുറത്തുപോകരുതെന്നും മുന്നറിയിപ്പുണ്ട്.വഴിയാത്രക്കാരായ സ്‌ത്രീകളുടെ കഴുത്തില്‍ നിന്നു മാലപൊട്ടിച്ചോടിയ ഒന്‍പതു കേസുകളാണ് മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ മാത്രം ഉണ്ടായിട്ടുള്ളത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാക്കത്ത് വഴിയാത്രക്കാരിയായ സ്‌ത്രീയുടെ കഴുത്തില്‍ നിന്നു അഞ്ചരപവന്‍മാലയാണ് വെള്ളിയാഴ്‌ച സ്‌കൂട്ടറില്‍ എത്തിയ ആൾ മോഷ്ടിച്ചത്.മോഷ്ടാക്കളെ പിടികൂടാൻ ഇനാം പ്രഖ്യാപിച്ചെങ്കിലും ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബോധവത്കരണ അനൗൺസ്മെന്‍റ് ആരംഭിച്ചിരിക്കുന്നത്.