കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവെച്ച സംഭവത്തിൽ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്.കുത്തിവെയ്പ് എടുത്ത താത്കാലിക ജീവനക്കാരിയായ നഴ്സിനെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇതു സംബന്ധിച്ച നിർദേശം മന്ത്രി വീണാ ജോർജ്ജ് നൽകിയത്.സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.പനി ബാധിച്ച് ചികിത്സക്കെത്തിയ കുട്ടി രക്തപരിശോധനക്കായി ഇരിക്കവെയാണ് പേ വിഷബാധ പ്രതിരോധ വാക്സിൻ കുത്തിവെച്ചത്. 7 വയസ്സുകാരിയായ കുട്ടിയുടെ അമ്മ ഒപി ടിക്കറ്റ് എടുക്കാൻ പോയപ്പോഴാണ് കുത്തിവെച്ചത്.കോതകുളങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെയ്പ് മാറിയെടുത്തത്.കുട്ടിക്ക് നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിക്കുന്നത്. അതിനിടെ അങ്കമാലി താലൂക്ക് ആശുപത്രിക്കെതിരെ കൂടുതൽ പരാതിയുമായി നഗരസഭാ കൗൺസിലറടക്കം രംഗത്തെത്തി. തുടർച്ചയായി ഇവിടെ ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ടെന്നാണ് ഉയരുന്ന പരാതി.