കാസര്‍കോട്: കുട്ടികള്‍ക്ക് നീതിയുറപ്പാക്കാന്‍ വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം അമ്മമാര്‍. കാസര്‍കോട് പടന്നയിലെ സ്ത്രീകളാണ് മുദ്രാവാക്യങ്ങളുമായി സംഘടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോകുന്ന രക്ഷിതാക്കള്‍ ക്കെതിരെയാണ് പടന്ന കാവുന്തലയില്‍ പ്രതിഷേധം ഉയര്‍ന്നത്. ഭര്‍തൃമതികളായ സ്ത്രീകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോകുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പോലും പടന്നയില്‍ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ സംഭവം നടന്നിരുന്നു. ഇത്തരം സംഭവങ്ങളില്‍ കുട്ടികളാണ് പ്രതിസന്ധിയിലാകുന്നത്. അതിനെതിരെയാണ് ‘ഉമ്മമാരുടെ രോദനം’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 30-ഓളം സ്ത്രീകള്‍ പ്രതിഷേധിച്ചത്. കുട്ടികളെ ഉപേക്ഷിച്ച് പോകുന്ന രക്ഷിതാക്കളുടെ പ്രവൃത്തിക്ക് തടയിടാന്‍ വേറിട്ട പ്രതിഷേധത്തിലൂടെ സാധിക്കുമെന്നാണ് ഈ അമ്മമാര്‍ പറയുന്നത്.
വിവാഹജീവിതത്തില്‍ പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനം നേടുക, കുടുംബത്തിന്റെ ഒന്നാകെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കുക എന്നിവയാണ് പ്രതിഷേധത്തിലൂടെ അമ്മമാരുടെ ആവശ്യം. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ മാനസികസമ്മര്‍ദങ്ങള്‍ നേരിടേണ്ടിവരുന്നത് വേദനയുണ്ടാക്കുന്നതാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ക്കായി ഏതറ്റംവരെയും പോകുമെന്നും പടന്നയിലെ അമ്മമാര്‍ പറയുന്നു. ഏതെങ്കിലും തരത്തില്‍ ചൂഷണം അനുഭവിക്കുന്ന കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്ക് നീതിയുറപ്പാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.