ബേക്കല്‍: നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചു നാടുവിട്ട അഥിതി തൊഴിലാളിയെ കുടുക്കിയത് നാട്ടുകാരുടെ തന്ത്രം. ലോട്ടറിയടിച്ചെന്നു കേട്ടപ്പോള്‍ ബൈക്ക് മോഷ്ടാവ് പറന്നെത്തി. നാട്ടിലെത്തിയ പ്രതിയെ കയ്യോടെ പോലീസിലേല്‍പിച്ച് നാട്ടുകാര്‍. കര്‍ണ്ണാടക വിജയപുര സ്വദേശിയും പെരിയാട്ടടുക്കത്തെ വാടക കെട്ടിടത്തില്‍ താമസക്കാരനുമായ ബിമ്മുവാ(30)ണ് മോഷ്ടാവ്. കാസര്‍കോട് പെരിയാട്ടടുക്കത്താണ് നാടകീയമായ സംഭവം നടന്നത്. മൂന്നു ദിവസം മുമ്പാണ് പെരിയാട്ടടുക്കം ടൗണില്‍ വച്ച് ചെരുമ്പ സ്വദേശി ബഷീറിന്റെ നിര്‍ത്തിയിട്ട ബൈക്ക് പട്ടാപ്പകല്‍ മോഷണം പോയത്. യുവാവ് ബൈക്ക് മോഷ്ടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തിന് ശേഷം വാടക കെട്ടിടത്തില്‍ താമസിച്ചുവരുന്ന ബിമ്മുവിനെ കാണാതായി. ഈ വിവരം മനസ്സിലാക്കിയ കാട്ടിയടുക്കത്തെ ചെഗുവേര ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും ബിമ്മുവിന്റെ തൊഴില്‍ ഉടമയെ കണ്ട് സംശയം അറിയിച്ചു. അവരുടെ നിര്‍ദ്ദേശ പ്രകാരം, ലോട്ടറി അടിച്ചതായി ബിമ്മുവിനെ ഫോണിലൂടെ വിവരം അറിയിച്ചു. ലോട്ടറി ഹരമാക്കിയ ബിമ്മു ലോട്ടറിയടിച്ചെന്ന് വിശ്വസിച്ച് മിന്നല്‍ വേഗത്തില്‍ പെരിയാട്ടടുക്കത്ത് തിരിച്ചെത്തി. ഇക്കാര്യം നാട്ടുകാര്‍ ബേക്കല്‍ പൊലീസിനെയും അറിയിച്ചിരുന്നു. പൊലീസെത്തി ബിമ്മുവിനെ ചോദ്യം ചെയ്തപ്പോള്‍ ബൈക്ക് മോഷണം നടത്തിയതായി സമ്മതിച്ചു. കര്‍ണ്ണാടകയിലേക്കുള്ള യാത്രയ്ക്കിടയില്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ ബൈക്ക് വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് പ്രതിയുടെ മൊഴി. വെള്ളിയാഴ്ച രാവിലെ കേസില്‍ അറസ്റ്റു രേഖപ്പെടുത്തിയ ബേക്കല്‍ പോലീസ് പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.