കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചു.ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്ത് നടക്കും.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. മണ്ഡലത്തിൽ ജയ്ക്കിനുള്ള പരിചയം കണക്കിലെടുത്താണ് പുതുമുഖം വേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്. സുഭാഷ് പി വർഗ്ഗീസ്, റെജി സക്കറിയ എന്നിവർ നേരത്തെ പരിഗണനാ പട്ടികയിൽ ഇടം പിടിച്ചിരുന്നെങ്കിലും ഇവരെ കൊണ്ട് വന്നാൽ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട സ്ഥിതിയുണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ യുവമുഖമായതിനാൽ യുവാക്കൾക്ക് തന്നെ പരിഗണന കൊടുക്കാനാണ് സിപിഎം നേതൃത്വവും തീരുമാനിച്ചത്. ജില്ലാ നേതൃത്വവും ജയ്ക്കിനാണ് മുൻതൂക്കം നൽകിയത്. മുൻ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതും ജയ്ക്കിനെ തീരുമാനിക്കുന്നതിന് കാരണമായി. പാർട്ടി ചിഹ്നത്തിൽ തന്നെയായിരിക്കും പുതുപ്പള്ളിയിൽ മത്സരിക്കുകയെന്ന് ഇപി ജയരാജൻ വ്യക്തമാക്കിയിരുന്നു.ഉപതെരഞ്ഞെടുപ്പിന് സംഘടനാപരമായ പ്രവർത്തനം പാർട്ടി തുടങ്ങിയെന്ന് എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ പ്രചാരണ പ്രവർത്തനം ആരംഭിക്കാനാണ് എൽ.ഡി.എഫ് നീക്കം.ഓഗസ്റ്റ് 17 ആണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. സൂക്ഷ്മ പരിശോധന 18 ന് നടക്കും. സെതംബർ 5 നാണ് തെരഞ്ഞെടുപ്പ് 8 നാണ് വോട്ടെണ്ണൽ.