തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ വിവാദം സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ചോദിക്കാതെ പ്രതിപക്ഷം.മാസപ്പടി വിവരം പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചില്ല.ഇക്കാര്യം സഭയിൽ ഉന്നയിക്കാൻ ചട്ടപ്രകാരം കഴിയില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.വീണക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് സമ്മതിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിപക്ഷ നേതാക്കൾ ഇതേ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയതിനെ ന്യായീകരിക്കുകയും ചെയ്തു. നേതാക്കൾ സംഭാവന വാങ്ങിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സഭയിൽ എന്ത് ചോദിക്കണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്നും പ്രതികരിച്ചു.സി.എം.ആർ.എൽ കമ്പനിക്ക് യാതൊരു സഹായവും ചെയ്തു കൊടുത്തിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പാർട്ടിയാണ് പണം വാങ്ങാൻ ചുമതലപ്പെടുത്തിയതെന്നായിരുന്നു സതീശന്‍റെ വാദം. പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിക്കാത്തത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് തെളിവാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ആരോപിച്ചു. അതിനിടെ വീണക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. രാഷ്ട്രീയ വിരോധത്തിന്‍റെ മറവിൽ വ്യക്തിഹത്യ നടത്തുകയാണെന്നും ഇപി ആരോപിച്ചു. മാസപ്പടി വിവാദം മുറുകുമ്പോൾ യുഡിഎഫും പ്രതിരോധത്തിലാണ്. കരിമണൽ കമ്പനി ഉടമയുടെ ഡയറിയിൽ തങ്ങളുടെ നേതാക്കളുടെ പേരു വിവരങ്ങളും ഉള്ളതിനാൽ വിവാദം സഭയിലുയർത്തിയാൽ തിരിച്ചടിക്കുമോ എന്നാണ് യുഡിഎഫിന്‍റെ ആശങ്ക.
