മഞ്ചേശ്വരം: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി മിയാപ്പദവില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. മംഗളൂരു മെന്നബെട്ടുവിലെ മുഹമ്മദ് നൗഷാദ് എന്ന ഉല്ലഞ്ചെ നൗഷാദി (28)നെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. 2018 ല്‍ സുരത്ക്കല്ല് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദീപക് റാവു എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി നടക്കുകയായിരുന്ന ഇയാള്‍ക്കെതിരെ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കൊലക്കേസ് കൂടാതെ വധഭീഷണി, പൊലീസിനു നേരെ അക്രമം, സംഘട്ടനം തുടങ്ങിയ കേസുകളും മുഹമ്മദ് നൗഷാദ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ക്രൈം ബ്രാഞ്ച് മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് നൗഷാദ് മിയാപദവില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതും അറസ്റ്റു ചെയ്തതും.