ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ പരിഹസിച്ചും കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം കൊണ്ട് വന്നത് അടുത്ത ലോക്സഭാ തെരഞ്ഞടുപ്പിൽ എൻ.ഡി.എയുടെ വിജയത്തിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് നന്ദി പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. ഇത് സർക്കാരിന്‍റെ പരീക്ഷണമല്ലെന്നും പ്രതിപക്ഷത്തിന്‍റെ പരീക്ഷണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ അവിശ്വാസം കാണിച്ചു. 2024 ല്‍ ബിജെപിക്ക് റെക്കോർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ ഗാന്ധിയെ മോദി പരിഹസിച്ചു.വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരുമായാണ് കോൺഗ്രസ്സ് സൗഹൃദം ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.അഹങ്കാരമാണ് കോണ്‍ഗ്രസിനെ നാന്നൂറ് സീറ്റിൽ നിന്ന് നാല്‍പ്പതിലേക്ക് എത്തിച്ചതെന്ന് മോദി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്‍റെ ചിഹ്നം തന്നെ എല്ലാ അധികാരവും ഒരു കുടുബത്തിന്‍റെ കൈയ്യിലെന്നത് വ്യക്തമാക്കുന്നതെന്നും മോദി പരിഹസിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സർക്കാരില്‍ വിശ്വാസം ഉണ്ട്. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്‍റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാർട്ടികള്‍ ഒന്നായിരിക്കുന്നുവെന്നും മോദി വിമർശിച്ചു.
പ്രതിപക്ഷത്തിന് രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്. എന്നാല്‍ രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുകയാണെന്നും മോദി പറഞ്ഞു. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയെ പരിഹസിച്ച് പ്രധാനമന്ത്രി സംസാരിക്കുമ്പോൾ സഭയിൽ മണിപ്പൂരിനെ കുറിച്ച് പറയൂ എന്ന് പ്രതിപക്ഷ അംഗങ്ങൾ ഉച്ചത്തിൽ ആവശ്യപ്പെട്ടു.