പാണപ്പുഴയിൽ പിടികൂടിയത് 45 കിലോയിലധികം ചന്ദനം; ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത് പച്ചക്കറികൾക്കൊപ്പം; ചന്ദനം കണ്ടെത്തിയ ഷെഡ്ഡിൽ നാടൻ തോക്കും മരം മുറിക്കാനുള്ള ആയുധങ്ങളും

കണ്ണൂർ: പരിയാരം പാണപ്പുഴയിൽ നിന്ന് വൻ ചന്ദനശേഖരം പിടികൂടി വനം വകുപ്പ്. 10 കിലോ  ശുദ്ധമായ ചന്ദനം, ചെത്താൻ തയ്യാറാക്കിയ 3.5 കിലോ, 27 കിലോ ചീളുകൾ, 15 കിലോ ചെറു ചീളുകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള ചന്ദനമാണ് പിടിച്ചെടുത്തത്.മൂന്ന് ചാക്കുകളിലായി പച്ചക്കറിക്കൊപ്പമായിരുന്നു ചന്ദനം സൂക്ഷിച്ചിരുന്നത്.പാണപ്പുഴ ആലിന്‍റെ പാറയിലെ ഷെഡ്ഡിൽ നിന്നാണ് ചന്ദനം കണ്ടെത്തിയത്. ഇതിന് പുറമെ ഒരു നാടൻ തോക്കും, മരം മുറിക്കാനുള്ള വാൾ അടക്കമുള്ള ആയുധങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.അഴിച്ച് മാറ്റിയ നിലയിലായിരുന്നു നാടൻ തോക്ക്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് തളിപറമ്പ് റേഞ്ച് ഓഫീസർ പി രതീശിന്‍റെ നേതൃത്വത്തിലുള്ള സംഘം  പരിശോധന നടത്തിയത്. തളിപറമ്പിലും പരിസരങ്ങളിലും വനഭൂമിയിൽ നിന്നും സ്വകാര്യ പറമ്പുകളിൽ നിന്നും വ്യാപകമായി ചന്ദനമരങ്ങൾ മുറിക്കുന്നുണ്ടെന്ന് വനംവകുപ്പിന് പരാതി ലഭിച്ചിരുന്നു. കാസർകോട് കേന്ദ്രീകരിച്ച് ചന്ദനം കടത്തുന്ന സംഘം ചന്ദനമുട്ടികൾ വാങ്ങാൻ എത്തുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പ് എത്തിയത്. എന്നാൽ വനപാലകരുടെ സാന്നിധ്യം മനസിലാക്കിയ സംഘം  രക്ഷപ്പെട്ടു. പ്രദേശവാസിയായ ആളുടെ ഷെഡ്ഡ് മറ്റൊരാൾക്ക് വാടക്ക് കൊടുത്തിരുന്നതാണ്. ഷെഡ്ഡ് ഉടമയെ ചോദ്യം ചെയ്യുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കാസർകോട് കേന്ദ്രീകരിച്ച് ചന്ദനമരങ്ങൾ വാങ്ങി വിൽപ്പന നടത്തുന്ന  സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page