ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകൾ. സിഎംആർഎൽ കമ്പനി മൂന്ന് വർഷത്തിനിടെ വീണാ വിജയന് 1.72 കോടി രൂപ നൽകിയെന്നാണ് പുറത്ത് വരുന്ന വിവരം.ആദായ നികുതി തർക്ക പരിഹാര ബോർഡാണ് നിയമവിരുദ്ധമായ ഇടപാട് നടന്നെന്ന് കണ്ടത്തിയത്.2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് കരിമണൽ ഖനനം നടത്തുന്ന എസ്.എൻ ശശിധരൻ കർത്തയുടെ കമ്പനി വീണാ വിജയന് മാസപ്പടി നൽകിയത്. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്‍റെ സോഫ്റ്റ്വെയർ സേവനം നൽകുമെന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് പണം നൽകിയത്. എന്നാൽ സേവനം നൽകിയിരുന്നില്ലെന്നും മാസംതോറും പണം കൈമാറിയിരുന്നെന്നും ആദായ നികുതി തർക്ക പരിഹാര ബോർഡ് മുൻപാകെ സിഎംആർഎൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. വീണക്ക് പ്രതിമാസം 5 ലക്ഷവും വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കിന് 3 ലക്ഷവും ആയിരുന്നു നൽകി വന്നത്. പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായ നികുതി ഇടക്കാല തർക്ക പരിഹാര ബോർഡിന്‍റെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപ്പിച്ചതായി മലയാള മനോരമ പത്രമാണ് റിപ്പോർട്ട് ചെയ്തത്.
1.72 കോടിയുടെ കൈമാറ്റം നിയമവിരുദ്ധമായ ഇടപാടാണെന്ന് ആദായ നികുതി വകുപ്പ് വാദിച്ചു. ബാങ്ക് മുഖേനയായിരുന്നു പണം നൽകിയത്. ബിസിനസ്സ് ചെലവുകൾക്ക് പണം കൈമാറുന്നത് ആദായ നികുതി നിയമപ്രകാരം അനുവദനീയമാണ്.എന്നാൽ സേവനങ്ങളൊന്നും നൽകിയില്ലെന്ന് കമ്പനി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ വീണ കൈപ്പറ്റിയത് നിയമവിരുദ്ധമായ പണമാണെന്ന ആദായ നികുതി വകുപ്പിന്‍റെ വാദം ബെഞ്ച് അംഗീകരിച്ചു. 2019 ജനുവരി 25 ന് സിഎംആർഎല്ലിന്‍റെ ഓഫീസിലും എംഡി അടക്കമുള്ള ഉദ്യോഗസ്ഥരുടെ വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.നികുതി അടച്ചതിലുള്ള ക്രമക്കേടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ കമ്പനി ചെലവുകൾ പെരുപ്പിച്ച് കാണിച്ച് ആദായ നികുതി അടക്കുന്നതിൽ കുറവ് വരുത്തിയെന്നും കണ്ടെത്തി. നേരത്തെ മുതൽ വിവിധ ആരോപണങ്ങളുടെ കരിനിഴലിൽ നിൽക്കുന്ന സ്ഥാപനമാണ് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് ആദായ നികുതി വകുപ്പിന്‍റെ പരിശോധനയിൽ വ്യക്തമാകുകയും ചെയ്തിരുന്നു.
ഇപ്പോൾ പുറത്ത് വന്ന വിവരം പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തുറന്നേക്കും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനികളുമായി ബന്ധപ്പെട്ട് നേരത്തയും വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആദായ നികുതി വകുപ്പിന്‍റെ ബോർഡിന് മുന്നിൽ തെളിവു സഹിതം വന്ന കാര്യം നിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക സിപിഎമ്മിനും സർക്കാരിനും വലിയ വെല്ലുവിളിയായിരിക്കും.