പെരിയ ഇരട്ട കൊലപാതകം ഡോക്‌ടറടക്കം മുഖ്യസാക്ഷികള്‍ക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കാന്‍ സിബിഐ കോടതി  ഉത്തരവ്‌; നടപടി ഭീഷണിയുടെ പശ്ചാതലത്തിൽ

കൊച്ചി: കേരളരാഷ്‌ട്രീയത്തെ ഇളക്കിമറിച്ച കാസർകോട് പെരിയ, കല്യോട്ട്‌ ഇരട്ടക്കൊലക്കേസിലെ രണ്ടു സാക്ഷികള്‍ക്ക്‌ ഭീഷണി. ഇതുസംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഭീഷണി നേരിടുന്ന സാക്ഷികള്‍ക്കു പൊലീസ്‌ സംരക്ഷണം നല്‍കാന്‍ എറണാകുളം സ്‌പെഷ്യല്‍ സിബിഐ കോടതി ഉത്തരവിട്ടു. വയനാട്‌, പുല്‍പ്പള്ളിയില്‍ ജോലി ചെയ്യുന്ന ഡോക്‌ടര്‍, കല്യോട്ട്‌ സ്വദേശിയായ മറ്റൊരു സാക്ഷി എന്നിവര്‍ക്കു  സംരക്ഷണം നല്‍കാനാണ്‌ കോടതി ഉത്തരവായത്‌.ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതികളില്‍ ഒരാളുടെ കൈയില്‍ കാണപ്പെട്ട മുറിവ്‌ സംഘര്‍ഷത്തിനിടയില്‍ ഉണ്ടായതാണെന്നു വ്യക്തമാക്കുന്ന മെഡിക്കൽ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതിന്റേ പേരിലാണ്‌ ഡോക്‌ടര്‍ക്കു ഭീഷണി ഉണ്ടായത്. കേസിലെ നിര്‍ണ്ണായക തെളിവാണ്‌ പ്രതിയുടെ കൈയിലെ മുറിവും അതുസംബന്ധിച്ച ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റും.ഭീഷണി നേരിട്ട മറ്റൊരു സാക്ഷി കൊല്ലപ്പെട്ട ശരത്‌ലാലിനു വധഭീഷണി ഉണ്ടായിരുന്നുവെന്നു മൊഴി നല്‍കിയ ആളാണ്‌. വാട്‌സാപ്പില്‍ അയച്ച സന്ദേശവുമായി ബന്ധപ്പെട്ടാണ്‌ ഇയാളെ സി ബി ഐ കേസില്‍ സാക്ഷിയാക്കിയത്‌.ഇതിന്റെ പേരിലാണ്‌ ഡോക്‌ടര്‍ അടക്കുമുള്ള രണ്ടു സാക്ഷികള്‍ക്കും എതിരെ ഭീഷണി ഉയര്‍ന്നത്‌. 2019 ഫെബ്രുവരി 17ന്‌ ആണ്‌ കല്യോട്ടെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്‌ ആദ്യം ലോക്കല്‍ അന്വേഷിച്ച കേസ്‌പിന്നീട്‌ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ്‌ അന്വേഷിച്ചത്‌. എന്നാല്‍ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചാണ്‌ സി ബി ഐ അന്വേഷണത്തിന് അനുകൂല വിധി നേടിയത്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page