കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെതുടർന്ന് ഒഴിവു വന്ന പുതുപ്പളളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ.അടുത്തമാസം 5 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 8 ന് ഫലപ്രഖ്യാപനവും ഉണ്ടാകും.തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു. നാമനിർദേശ പത്രിക നൽകാനുള്ള അവസാന തിയ്യതി ഈ മാസം 17 ഉം, പിൻവലിക്കാനുള്ള തിയ്യതി 21 ഉം ആണ്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ ചർച്ചകളും സംസ്ഥാനത്ത് സജീവമായി.ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ പരിഗണിക്കമെന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അച്ചു ഉമ്മൻ വ്യക്തമാക്കിയിരുന്നു. ഇടത് മുന്നണി സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച ഡി.വൈ.എഫ്.ഐ നേതാവ് ജയ്ക്ക് സി തോമസിനെ വീണ്ടും പരിഗണിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറക്കാൻ ജയ്ക്കിന് കഴിഞ്ഞിരുന്നു.അതുകൊണ്ട് തന്നെ ഇത്തവണ മികച്ച മത്സരം കാഴ്ചവെക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.