കണ്ണൂര്‍: ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഗോകുല്‍ മണ്ഡലാ(20)ണ് മരിച്ചത്.
വള്ളത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. പുറംകടലിലെ വലിയ മീന്‍പിടിത്ത യാനത്തില്‍നിന്ന് തൊഴിലാളികളുമായി പാലക്കോട് ഹാര്‍ബറിലേക്ക് വരികയായിരുന്ന ഫൈബര്‍ വള്ളമാണ് മണല്‍ത്തിട്ടയില്‍ തട്ടി മറിഞ്ഞത്. പുതിയങ്ങാടി സ്വദേശിയുടെ അല്‍ അബാദ് എന്ന ഫൈബറാണ് അപകടത്തില്‍ പെട്ടത്. ഇതിലെ ജീവനക്കാര്‍ രക്ഷപ്പെട്ട് കരക്കെത്തിയപ്പോഴേക്കും സംഘത്തിലുണ്ടായ കോക്കനെ കാണാതാവുകയായിരുന്നു. തിങ്കളാഴ്ച നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച വൈകുന്നേരം നാലോടെ രണ്ടു മീന്‍പിടിത്ത തൊഴിലാളികളുമായി വന്ന ഫൈബര്‍ വള്ളവും ശനിയാഴ്ച മറ്റൊരു ഫൈബര്‍ വള്ളവും അപകടത്തില്‍നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം മീന്‍പിടിത്തത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ആര്‍.ഡി.ഒ.യും എം.എല്‍.എ.യും പങ്കെടുത്ത യോഗത്തില്‍ ഡ്രഡ്ജിങ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. പാലക്കോട്, പുതിയങ്ങാടി ഹാര്‍ബറുകളില്‍ ഇന്ന് ഹര്‍ത്താലാചരിക്കുകയാണ്.
