എറണാകുളം: ട്രോൾ വീഡിയോയിൽ അധിക്ഷേപിച്ചെന്നാരോപിച്ച് പ്രമുഖ വ്ളോഗർ അജു അലക്സിനെ (ചെകുത്താൻ) ഫ്ളാറ്റിൽ കയറി ഭീഷണിപ്പെടുത്തി നടൻ ബാല. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊച്ചിയിലെ ഫ്ളാറ്റിൽ എത്തി ഭീഷണിപ്പെടുത്തിയെന്നും സാധനങ്ങൾ നശിപ്പിച്ചെന്നും കാണിച്ച് വ്ളോഗർ പരാതി നൽകി. ചെകുത്താൻ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രശസ്തനായ വ്ളോഗറാണ് പരാതിക്കാരനായ അജു അലക്സ്. കൊച്ചി സിറ്റി പൊലീസിലാണ് പരാതി നൽകിയത്.ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ കൊണ്ട് ബാല മാപ്പ് പറയിപ്പിക്കുന്ന ഒരു വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു.ഇതിനെ കുറിച്ച് ചെകുത്താൻ തയ്യാറാക്കിയ ട്രോൾ വീഡിയോ ആണ് പ്രകോപനത്തിന് കാരണം. ഗുണ്ടകളുമായി എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആളുകളെ അധിക്ഷേപിച്ച് വീഡിയോ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് നൽകുകയാണ് ചെയ്തതെന്നും ബാലയുടെ വീഡിയോയിൽ പറയുന്നുണ്ട്. ബാലയും സംഘവും എത്തിയപ്പോൾ വ്ളോഗറുടെ സുഹൃത്ത് ആണ് വീട്ടിലുണ്ടായിരുന്നത്. ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.