തിരുവല്ല ∙ നഴ്സിന്റെ വേഷം ധരിച്ച് എത്തി പ്രസവിച്ചുകിടന്ന യുവതിയെ ഇൻജക്ഷൻ കുത്തിവച്ചു കൊലപ്പെടുത്താനെത്തിയ യുവതി പൊലീസ് കസ്റ്റഡിയിൽ. തിരുവല്ല പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. കായംകുളം സ്വദേശി അനുഷ (30) ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണിന്റെ കാമുകിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു.സ്നേഹയെ ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിച്ചത്. വെള്ളിയാഴ്ച രാവിലെ സ്നേഹയെ ഡിസ്ചാർജ് ചെയ്തു. കുട്ടിക്ക് നിറം മാറ്റം ഉള്ളതു കാരണം ഡിസ്ചാർജ് ചെയ്തില്ല. ഇതോടെ സ്നേഹയും മാതാവും മുറിയിൽ കാത്തിരിക്കുകയായിരുന്നു.വൈകിട്ട് അഞ്ചരയോടെ നഴ്സിന്റെ ഓവർക്കോട്ട് ധരിച്ച യുവതി ഇവരുടെ മുറിയിലെത്തി കുത്തിവയ്പ്പെടുക്കുവാൻ വന്നതാണെന്ന് പറഞ്ഞു. ഡിസ്ചാർജ് ചെയ്തതല്ലേ ഇനി എന്തിനാണ് കുത്തിവയ്പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ്പു കൂടി ഉണ്ടെന്നു പറഞ്ഞ് സ്നേഹയുടെ കയ്യിൽ പിടിച്ച് ബലം പ്രയോഗിച്ച് സിറിഞ്ച് കൊണ്ടു കുത്താൻ ശ്രമിച്ചു. സിറിഞ്ചിൽ മരുന്ന് ഉണ്ടായിരുന്നില്ല.
മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാർ ഓടിയെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. അവരെത്തി കസ്റ്റഡിയിലെടുത്തു.. ചോദ്യം ചെയ്യലിൽ വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. വധശ്രമമടക്കമുള്ള വകുപ്പുകൾ യുവതിക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് അനുഷ. ഫാർമസിസ്റ്റായി ജോലി ചെയ്തു വരികയാണ് പ്രതി.