ബോവിക്കാനം: കാനത്തൂരിലും പരിസരത്തും ഭീഷണിയായ കാട്ടാനകളെ തുരത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച കാനത്തൂര്‍ ഗവ.യുപി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. വനം വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. 3 ദിവസംകൊണ്ട് 2 ആനകളെയും അതിര്‍ത്തിയിലെ സോളര്‍ തൂക്കുവേലി കടത്തുകയാണു ലക്ഷ്യം. ആനകളെ ഓടിക്കുമ്പോള്‍ അവ സ്‌കൂള്‍ പരിസരത്തിലൂടെ പോകാനുള്ള സാധ്യതയെത്തുടര്‍ന്നാണ് അവധി നല്‍കാന്‍ തീരുമാനിച്ചത്. സ്‌കൂളില്‍നിന്ന് 200 മീറ്റര്‍ മാറിയുള്ള കാട്ടിലാണ് ആനകളുള്ളത്. ഡിഎഫ്ഒ കെ.അഷ്‌റഫ് പ്രദേശം സന്ദര്‍ശിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.വി.മീന, ആനക്കാര്യം കര്‍ഷകക്കൂട്ടായ്മ ചെയര്‍മാന്‍ എം.രാഘവന്‍ നായര്‍ തുടങ്ങിയവരുമായി വിഷയം ചര്‍ച്ചചെയ്തിരുന്നു. ഒരുമാസത്തിനിടേ നാലുപ്രാവശ്യമാണ് ഇവിടെ ആന കാടിറങ്ങി ജനവാസകേന്ദ്രങ്ങളിലെത്തിയത്. ഏതാനും ദിവസങ്ങളായി തെക്കന്‍ കൊച്ചി വനത്തില്‍ തമ്പടിച്ചിട്ടുള്ള രണ്ടു കൊമ്പന്മാര്‍ രാത്രികാലങ്ങളില്‍ നാട്ടിലിറങ്ങി വന്‍ തോതില്‍ കൃഷി നശിപ്പിക്കുകയും പകല്‍ നേരങ്ങളില്‍ റോഡിലിറങ്ങുന്നതും പതിവായിട്ടുണ്ട്. പലരും കാട്ടാനകളുടെ അക്രമണത്തില്‍ നിന്നു തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ആനകളെ തുരത്താന്‍ വനം വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.