പ്രമുഖ സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന  പ്രൊഫസർ  ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു

 പ്രമുഖ സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന  പ്രൊഫസർ  ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു(69).അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാസർകോട് ഗവൺമെന്‍റ് കോളേജ്  പ്രൊഫസറായി വിരമിച്ച ഇബ്രാഹിം ബേവിഞ്ച കേരളാ സാഹിത്യ അക്കാദമി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി,  പി.ജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം തുടങ്ങി ഒട്ടേറെ പദവികൾ അലങ്കരിച്ചിട്ടുണ്ട്.

ഉബൈദിൻറ്റെ കവിതാലോകം, മുസ്ലിം സാമൂഹികജീവിതം മലയാളത്തിൽ, ഇസ്ലാമിക സാഹിത്യം മലയാളത്തിൽ, പക്ഷിപ്പാട്ട് ഒരു പുനർവായന, പ്രസക്തി, ബഷീർ ദി മുസ്ലിം, നിള തന്ന നാട്ടെഴുത്തുകൾ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ. മൊഗ്രാൽ കവികൾ, പള്ളിക്കര എം.കെ. അഹമ്മദിൻറ്റെ മാപ്പിളപ്പാട്ടുകൾ, പൊൻകുന്നം സെയ്ദു മുഹമ്മദിൻറ്റെ മാഹമ്മദം എന്നിവയെ കുറിച്ച് പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.ടി അബ്ജുറഹ്മാൻറ്റെ കറുത്ത മുത്ത് തൊട്ട് പതിനഞ്ചോളം പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് ആമുഖം എഴുതിയിട്ടുണ്ട്.

കാസർഗോട് ജില്ലയിലെ ബേവിഞ്ചയിൽ 1954 മെയ് 30 ന് അബ്ജുള്ള കുഞ്ഞി മുസ്ല്യാരുടെയും ചെമ്പിരിക്ക ഉമ്മാലിയുമ്മയുടെയും മകനായി ജനിച്ചു. കാസർഗോട് ഗവൺമെൻറ്റ് കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം, പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് മലയാളത്തിൽ എം.എ ബിരുദം, കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ എം.ഫിലും നേടി . 1980-81 കാലത്ത് ചന്ദ്രിക ദിന പത്രത്തിൽ സഹപ്രാധിപർ. 1981 മുതൽ കാസർകോട് ഗവൺമെൻറ്റ് കോളേജ് കണ്ണൂർ വിമൻസ് കോളേജ്, ഗോവിന്ദപൈ സ്മാരക കോളേജ്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ മലയാളം  പ്രൊഫസറായി ജോലി ചെയ്തു.2010 മാർച്ച് 31ന് വിരമിച്ചു.

അബുദാബി കെ.എം.സി.സി, അബൂദാബി റൈറ്റേഴ്സ് ഫോറം, ഷാർജ കെ.എം.സി.സി, കാസർഗോട് സാഹിത്യവേദി, നടുത്തോപ്പിൽ അബ്ദുല്ല, എം.എസ്.മാഗ്രാൽ, മൊറയൂർ മിത്രവേദി തുടങ്ങി പത്തിലധികം  അവാർഡുകൾ നേടിയിട്ടുണ്ട്. ചന്ദ്രിക വാരാന്തപ്പതിപ്പിൽ പ്രസക്തി , മാധ്യമം ദിനപത്രത്തിൽ കാര്യവിചാരം, മാധ്യമം വാരാന്തപ്പതിപ്പിൽ കഥ പോയ മാസത്തിൽ , ആരാമം മാസികയിൽ പെൺവഴികൾ; തൂലിക മാസികയിൽ ചിന്തന, രിസാല വാരികയിൽ പ്രകാശകം  എന്നീ കോളങ്ങൾ എഴുതി. മലയാള സാഹിത്യത്തിലെ മതേതരഭാവത്തെ കുറിച്ചുള്ള പഠനം പൂർത്തിയായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page