കൊച്ചി: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ‘മിത്ത്’ പരാമര്‍ശത്തില്‍ കടുത്ത പരിഹാസവുമായി നടന്‍ സലിം കുമാര്‍. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാര്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ ചിത്രവും കുറിപ്പിനൊപ്പം സലിം കുമാര്‍ പങ്കുവച്ചിട്ടുണ്ട്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാകേന്ദ്രങ്ങളില്‍നിന്നു തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം. ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇതെന്നാണ് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചത്. ‘മിത്ത്’ പരാമര്‍ശത്തില്‍ എ.എന്‍.ഷംസീര്‍ മാപ്പുപറയണമെന്ന എന്‍എസ്എസിന്റെ ആവശ്യം സിപിഎം തള്ളിയിരുന്നു. ഷംസീര്‍ പറഞ്ഞതു മുഴുവന്‍ ശരിയാണെന്നും അതു തിരുത്താനോ മാപ്പു പറയാനോ ഉദ്ദേശിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എന്‍എസ്എസ് വിശ്വാസ സംരക്ഷണദിനമായി ആചരിച്ചിരുന്നു. ഷംസീറിനു തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.പരാമർശത്തിൽ വിവാദം പുകയുമ്പോഴാണ് സർക്കാരിനെ പരിഹസിച്ച് സലീം കുമാർ രംഗത്തെത്തിയിരിക്കുന്നത്.