കസ്റ്റഡി മരണത്തിൽ പൊലീസ് വാദം പൊളിയുന്നു; മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനം ഏറ്റെന്ന്  പോസ്റ്റ് മോർട്ടം റിപ്പോർട്ട്;ആമാശയത്തിൽ ക്രിസ്റ്റൽ അടങ്ങിയ പ്ലാസ്റ്റിക് കണ്ടെത്തി. കേരളാ പൊലീസ് വീണ്ടും വില്ലനാകുമ്പോൾ

മലപ്പുറം: മലപ്പുറം താനൂരിൽ കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന് മർദ്ദനമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് . ലഹരികടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രിക്ക്   കടുത്ത മർദ്ദനം നേരിടേണ്ടി വന്നെന്നാണ്  പ്രാഥമിക പോസ്റ്റ് മോർട്ടം.മൃതദേഹത്തിന്‍റെ പുറത്ത് മർദ്ദനം ഏറ്റതിന്‍റെ പാടുകളുണ്ട്. ഇയാളുടെ ആമാശയത്തിൽ ക്രിസ്റ്റലുകളടങ്ങിയ പ്ലാസ്റ്റിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.ആന്തരാവയവങ്ങളുടെ രാസ പരിശോധനാ ഫലം വന്നാൽ മാത്രമേ താമിറിന്‍റെ മരണം കാരണം വ്യക്തമാകൂ. എം.ഡി.എം.എ കടത്തിയെന്നാരോപിച്ചാണ് താമിർ ഉൾപ്പെടെ 5 പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്.പുലർച്ചെ താമിർ കുഴഞ്ഞ് വീണെന്നായിരുന്നു പൊലീസ് വാദം. അതേ സമയം കസ്റ്റഡിയിൽ മർദ്ദനമേറ്റാണ് മരണം എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷൻ ഉപരോധം നടത്തിയിരുന്നു. താമിറിന്‍റെ മൃതദേഹം കാണിക്കാൻ പൊലീസ് ആദ്യം തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസ്സെടുക്കുകയും ചെയ്തു.  പ്രതിഷേധം ശക്തമായതിന് പിന്നാലെ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. മർദ്ദനമേറ്റെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന്‍റെ വാദങ്ങൾ ഖണ്ഡിക്കുന്നതാണ്. പുലർച്ചെ 1.15നാണ് താമിറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരിച്ചിരുന്നത്. നാലരയോടെ കുഴഞ്ഞ് വീണെന്നും പിന്നീട് മരിച്ചെന്നുമാണ് പൊലീസ് പറയുന്നത്. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കസ്റ്റഡിമരണം റിപ്പോർട്ട് ചെയ്തത് പൊലീസ് സേനക്ക് ആകെ നാണകേടായി. ആലുവയിലെ കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിൽ പൊലീസ് ലജ്ജിച്ച് തലതാഴ്ത്തേണ്ടി വന്നതിന് പിന്നാലെയാണ് പൊലീസിനെ പ്രതികൂട്ടിൽ നിർത്തുന്ന കസ്റ്റഡിമരണം ഉണ്ടായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page