ജയ്പൂര്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ ബോട്ടിലില്‍ വെള്ളത്തില്‍ മൂത്രം കലര്‍ത്തിയ സംഭവത്തില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തം. രാജസ്ഥാനിലെ ലുഹാരിയ ഗ്രാമത്തിലെ സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ വെളളിയാഴ്ചയാണ് സംഭവം നടന്നത്. സഹപാഠികളായ ചില ആണ്‍കുട്ടികളാണ് വിദ്യാര്‍ത്ഥിനിയുടെ കുപ്പിയില്‍ മൂത്രം നിറച്ചത്. ഇതോടൊപ്പം ഒരു പ്രണയ ലേഖനവും പെണ്‍കുട്ടിയുടെ ബാഗില്‍ വച്ചിരുന്നു.സര്‍ക്കാര്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വെള്ളിയാഴ്ച ക്ലാസില്‍ ബാഗും കുപ്പിയും വച്ച ശേഷം ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയതായിരുന്നു. തിരികെ വന്നതിന് ശേഷം വാട്ടര്‍ ബോട്ടിലിലെ വെള്ളം കുടിച്ചപ്പോഴാണ് മൂത്രത്തിന്റെ മണം അനുഭവപ്പെട്ടത്. വെള്ളത്തില്‍ മൂത്രം കലര്‍ത്തിയ നിലയിലായിരുന്നുഎന്നാണ് വിവരം. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി പ്രിന്‍സിപ്പലിനോട് പരാതിപ്പെടുകയായിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
സംഭവം വിവാദമായതിനെ തുടർന്നു ഞായറാഴ്ച ഗ്രാമവാസികള്‍ ഹീന കൃത്യത്തിന് നേതൃത്വം നൽകിയ ആണ്‍കുട്ടിയുടെ വീട്ടില്‍ തള്ളി കയറാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച പോലീസിന് നേരെ ജനക്കൂട്ടം കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ലാത്തി വീശി സമരക്കാരെ വിരട്ടിയോടിച്ചു. പ്രദേശത്ത് ഗ്രാമവാസകള്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിങ്കളാഴ്ച സ്‌കൂള്‍ തുറന്നപ്പോള്‍ മുതൽ തഹസില്‍ദാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവരോട് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായിട്ടില്ല.