ഡോ.വന്ദനാദാസിനെ പ്രതി സന്ദീപ് കുത്തിയത് കൊലപ്പെടുത്താൻ ലക്ഷ്യമിട്ട്; 1050 പേജ് വരുന്ന കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ.വന്ദനാദാസിനെ കുത്തികൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം.സ്ഥിരം മദ്യപാനിയായ സന്ദീപ് ബോധപൂർവ്വമാണ് വന്ദനയെ കുത്തിയത്.കൊലപ്പെടുത്തുക എന്ന ലക്ഷ്യമാണ് ആക്രമണത്തിന് പിന്നിലുണ്ടായിരുന്നതെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. 1050 പേജുള്ള കുറ്റപത്രത്തിൽ 136 സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കൊല്ലം ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി സന്ദീപ് സമർപ്പിച്ച ജാമ്യാപേക്ഷ നേരത്തെ കൊല്ലം ജില്ലാ കോടതി തള്ളിയിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഈ മാസം 17 ന് വാദം കേൾക്കും.2023 മെയ് 10 നാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജ്ജൻ വന്ദനാ ദാസിനെ പ്രതി കുത്തികൊലപ്പെടുത്തിയത്.സന്ദീപിന്റെ വസ്ത്രത്തിൽ നിന്ന് വന്ദനയുടെ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്.കൂടാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെല്ലാം കേസിൽ സാക്ഷികളാണ്. സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളും 11 അംഗ അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ എടുത്ത സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഡോക്ടറെ ആക്രമിച്ചത്.