കൽപ്പറ്റ: വെണ്ണിയോട് പുഴയിൽ ചാടി യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജൻ, അമ്മ ബ്രാഹ്മിലി എന്നിവരാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ,മർദ്ദനം തുടങ്ങി വിവിധ വകുപ്പുകളനുസരിച്ച് ഇവർക്കെതിരെ പൊലീസ് കേസ്സെടുത്തിരുന്നു. കഴിഞ്ഞ മാസം 13 നാണ് ദർശന അഞ്ചുവയസ്സുകാരി മകൾ ദക്ഷയുമായി വെണ്ണിയോട് പുഴയിൽചാടിയത്.മരിക്കുമ്പോൾ ദർശന മൂന്ന് മാസം ഗർഭിണി ആയിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ മുതൽ ഭർതൃവീട്ടിൽ മകൾ പീഡനം അനുഭവിക്കേണ്ടി വന്നിരുന്നെന്ന് ദർശനയുടെ മാതാപിതാക്കൾ ആരോപിച്ചു. ഗർഭചിദ്രത്തിന് നിർബന്ധിച്ചുവെന്നും ദർശനയുടെ കുടുംബം നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ദർശന മരിച്ചതിന് പിന്നാലെ ഭർത്താവും കുടുംബവും ഒളിവിൽ പോവുകയും ചെയ്തു.ഭർത്താവിന്‍റെ അച്ഛൻ ദർശനയെ അസഭ്യം പറയുന്നതും ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടുന്നതുമായി സംഭാഷണത്തിന്‍റെ ഓഡിയോ വീട്ടുകാർ പുറത്ത് വിട്ടിരുന്നു.