പരപ്പ( കാസർകോട് ): കോഴിഫാം ഉടമയെ സ്വന്തം സ്ഥാപനത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പരപ്പ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന കണിപ്പറമ്പിൽ റോയ് സക്കറിയ (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ പയാളത്തെ കോഴി ഫാമിൽ ആണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതി തകരാർ ഉണ്ടായതിനാൽ രാവിലെ ഇലക്ട്രീഷ്യനെയും കൂട്ടിയാണ് ഫാമിലെത്തിയത്. വൈദ്യുതി തകരാറ് പരിഹരിച്ച ശേഷം ഇലക്ട്രീഷൻ തിരിച്ചു പോയിരുന്നു. ഉച്ച കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് ഭാര്യ ഷൈല പലതവണ മൊബൈൽ ഫോണിൽ വിളിച്ചു എങ്കിലും മറുപടിയില്ലായിരുന്നു. ഇതേ തുടർന്ന് വൈകിട്ട് 4 മണിയോടെ ഫാമിലെത്തിയപ്പോഴാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റ് തല ചുമരിൽ ഇടിച്ചു പരിക്കേറ്റ നിലയിലായിരുന്നു. നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചു മരണം സ്ഥിരീകരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയി. പരപ്പയിലെ ആദ്യകാല ജീപ്പ് ഡ്രൈവർ ആയിരുന്നു. എടത്തോട് ടൗണിൽ ചിക്കൻ കടയും നടത്തിവരികയായിരുന്നു. ലിന്റു, ലിയ എന്നിവർ മക്കളാണ്.