തിരുവനന്തപുരം: വനിതാ സുഹൃത്തുമൊത്ത് ബസില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റിലായി. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ ഡാലുംമുഖം കോവില്‍വിള സ്വദേശി കൃഷ്ണവിലാസത്തില്‍ സുരേഷ് കുമാര്‍(42) ആണ് അറസ്റ്റിലായത്. ടിക്കറ്റ് മെഷീന്‍ കൊണ്ട് തലയ്ക്കടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന വെങ്ങാനൂര്‍ ഉച്ചക്കട സിഎസ്‌ഐ പള്ളിക്ക് സമീപം മകയിരം വീട്ടില്‍ ഋതികി(22)ന്റെ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച രാവിലെ പത്തരയോടെ തിരുവനന്തപുരത്തു നിന്നു വെള്ളറടയിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ യാത്രികരായ യുവാവും ബന്ധുവായ സുഹൃത്തും കാട്ടാക്കട ഡിപ്പോയില്‍ ഇറങ്ങാനൊരുങ്ങുമ്പോള്‍ കണ്ടക്ടര്‍ ഇവരെ അധിക്ഷേപിച്ചുവത്രെ. ഇത് യുവാവ് ചോദ്യം ചെയ്തപ്പോള്‍ വാക്കേറ്റമായി. തുടര്‍ന്ന് ടിക്കറ്റ് മെഷീന്‍ ഉപയോഗിച്ച് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. നിലത്ത് തള്ളിയിട്ടും മര്‍ദിച്ചുവെന്ന് യുവാവിന്റെ മൊഴിയിലുണ്ട്. ഇതെല്ലാം ചില യാത്രക്കാര്‍ വിഡിയോയില്‍ പകര്‍ത്തിയിരുന്നു. യുവാവ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും തള്ളി താഴെയിടുന്നത് വിഡിയോയില്‍ കാണാം. മര്‍ദനമേറ്റ കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി മടങ്ങി. കാട്ടാക്കട പൊലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് അയച്ചു.