മഞ്ചേശ്വരം: ചെക്ക് പോസ്റ്റിൽ എക്സൈസ് വകുപ്പ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ മൂന്നുലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി . മധൂർ ഉളിയത്തടുക്ക സ്വദേശി ഹാഷിക്കുദീൻ (30 ) ആണ് പിടിയിലായത്. ഇയാൾക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തിയ പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. 265 കിലോഗ്രാം ഉള്ള നിരോധിത പുകയില ഉത്പന്നങ്ങൾ ആണ് കാറിനുള്ളിൽ കണ്ടെത്തിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ആർ റിനോഷ്, പ്രിവൻ്റീവ് ഓഫീസർ ജനാർദ്ദനൻ.കെ.എ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് പി നായർ, മുഹമ്മദ് ഇജ്ജാസ് പി പി, ദിനൂപ് കെ, അഖിലേഷ് എം എം, സബിത്ത് ലാൽ വി ബി എന്നിവർ പങ്കെടുത്തു.