കോഴിക്കോട്: മുക്കം നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയിൽ ചെയർമാൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. നഗരസഭാ ചെയർമാൻ പിടി ബാബുവിനെയും 3 കൗൺസിലർമാരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏഴാം വാർഡായ കാഞ്ഞിരമൂഴിയിലെ കൗൺസിലറായ അനിത കുമാരിക്ക് ജോലി ആവശ്യാർത്ഥം ഇന്‍റർവ്യൂവിന് വിദേശത്ത് പോകാൻ അവധി അനുവദിക്കമെന്ന ആവശ്യമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. മൂന്ന് മാസത്തെ അവധി ആവശ്യം കൗൺസിൽ യോഗത്തിൽ ഉൾപ്പെടുത്തി.എന്നാൽ പ്രതിപക്ഷമായ യുഡിഎഫ് ഇതിനെ എതിർത്തു. തുടർന്നാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. കൗൺസിലിലെ അവസാന അജൻഡയായി കൗൺസിലറുടെ അവധി ഉൾപ്പെടുത്തുകയായിരുന്നു.ഇത് ചോദ്യം ചെയ്ത യുഡിഎഫ് കൗൺസിലർമാർ യോഗം നടക്കുന്ന ഹാളിന്‍റെ വാതിൽ അടച്ചിട്ട് പ്രതിഷേധവുമായി എത്തി.പിന്നീട് യോഗം അലങ്കോലപ്പെടുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു.ചെയർമാൻ പിടി ബാബു, കൗൺസിലർമാരായ മജീദ് , രജനി എവി, പ്രജിത പ്രദീപ് , വസന്തകുമാരി , ബിന്ദു കെ, വേണു കല്ലുരുട്ടി, യാസർ എം.കെ, കൃഷ്ണൻ, ഗഫൂർ കല്ലുരുട്ടി , റംല ഗഫൂർ, ബിന്നി മനോജ്, റുബീന എന്നിവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പരിക്കേറ്റവരിൽ ഭരണ , പ്രതിപക്ഷ അംഗങ്ങളുണ്ട്.