നീലേശ്വരം: കാര്‍ റെയില്‍വേ പാളത്തിന് സമീപം നിര്‍ത്തിയിട്ട ശേഷം ഉടമ കോഴിക്കോട്ട് പോയി. തിരിച്ചു വന്നപ്പോഴേക്കും ഉടമക്കെതിരേ കേസായി. ട്രെയിന്‍ ഓട്ടം തടസ്സപ്പെടുത്തിയതിനും പാളത്തിന് സമീപം പാര്‍ക്കുചെയ്തതിനും ഉടമയ്‌ക്കെതിരെ കേസും പിഴയും. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കാഞ്ഞങ്ങാട് ഐങ്ങോത്ത് സ്വദേശി ഇ. ത്രിഭുവന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഇയാള്‍ വെള്ളിയാഴ്ച രാവിലെ നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്ത് പാളത്തോട് ചേര്‍ത്തായിരുന്നു കാര്‍ നിര്‍ത്തിയിട്ടത്. ഇതുകാരണം ഇതുവഴിവന്ന റെയില്‍വേയുടെ അറ്റകുറ്റപ്പണി നടത്തുന്ന ട്രാക്ക് മെയിന്റനന്‍സ് എഞ്ചിന് സഞ്ചരിക്കാന്‍ പറ്റാതായി. മണിക്കൂറുകളോളം അറ്റകുറ്റപ്പണിക്കുള്ള എന്‍ജിന്‍ നിര്‍ത്തിയിടേണ്ടി വന്നു. എഞ്ചിന് മുന്നോട്ട് പോകാന്‍ കഴിയാത്ത വിധമായിരുന്നു പാര്‍ക്കിങ്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ഉടമയെ അന്വേഷിച്ചു. പൊലീസ് എത്തി കാര്‍ ഉടമയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കോഴിക്കോട് പോയെന്നായിരുന്നു മറുപടി.
കോഴിക്കോട്ടുപോയ ഉടമയെ തിരിച്ചുവിളിപ്പിച്ച് കാര്‍ മാറ്റുകയായിരുന്നു. വാഹന ഉടമക്കെതിരേ കേസെടുത്ത റെയില്‍വേ പോലീസ് വാഹനവും കസ്റ്റഡിയിലെടുത്തു.