തിരുവനന്തപുരം : അഞ്ചുതെങ്ങിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മ ജൂലി(40)യെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ച ഉടനെ ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശുചിമുറിക്ക് സമീപം കുഴിച്ചിടുകയായിരുന്നു.ശ്വാസം മുട്ടിച്ച ശേഷം കുട്ടിയുടെ കഴുത്തിൽ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയും ചെയ്തതാണ് കുഴിച്ചിട്ടത്. മൃതദേഹം തെരുവ് നായകൾ കടിച്ചു വലിച്ചു. സംശയാസ്പദമായ രീതിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്ത് വന്നത്. കസ്റ്റഡിയിലെടുത്ത യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പ്രസവിച്ച കാര്യം അറിയുന്നത്.ജൂലൈ 15 ന് വീട്ടിലെ ശുചിമുറിയിലായിരുന്നു യുവതി പ്രസവിച്ചത്. വിധവയാണ് ജൂലി. പ്രസവ വിവരം പുറത്തറിഞ്ഞാലുള്ള മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു.