പത്തനംതിട്ട: കലഞ്ഞൂരിൽ ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന നിഗമനത്തിൽ പൊലീസ്.അതേ സമയം നൗഷാദിന്‍റെ ഭാര്യ അഫ്സാന തുടർച്ചയായി മൊഴി മാറ്റിയതോടെ പൊലീസ് വെട്ടിലായി. കഴിഞ്ഞ ദിവസം നാലിടത്ത് അഫ്സാനയുമായി പൊലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല.പരുത്തിപാറയിൽ വാടക് താമസിച്ച വീടിന് സമീപം നൗഷാദിനെ കുഴിച്ച് മൂടിയെന്നായിരുന്നു ആദ്യം ഇവർ മൊഴി നൽകിയത്. പിന്നീട് കൊലപ്പെടുത്തി പുഴയിലെറിഞ്ഞതായും ഗുഡ്സ് ഓട്ടോറിക്ഷയിൽ കൊണ്ട് പോയാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും മൊഴിമാറ്റി. നൗഷാദിന്‍റെ പിതിവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്സെടുത്തത്.കേസിൽ നിജസ്ഥിതി പുറത്ത് വരണമെന്ന് നൗഷാദിന്‍റെ പിതാവ് വ്യക്തമാക്കി. കൊല്ലപ്പെടുത്തിയതാണെങ്കിൽ അഫ്സാന മാത്രമാണോ അതോ മറ്റാരുടെയെങ്കിലും സഹായമുണ്ടായിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കണം.അഫ്സാനക്ക് ഒറ്റക്ക് ചെയ്യാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും പിതാവ് അഷ്റഫ് പറഞ്ഞു. അതിനിടെ തന്‍റെ പെട്ടി ഓട്ടോയിൽ മൃതദേഹം കൊണ്ട് പോയെന്ന വാദം നിഷേധിച്ച് പൊലീസ് ചോദ്യം ചെയ്ത നസീർ രംഗത്തെത്തി. നൗഷാദിനെ ഒരിക്കൽ ജോലിക്ക് കൊണ്ട് പോയിട്ടുണ്ടെന്നല്ലാതെ വേറെ പരിചയമൊന്നും ഇല്ലെന്ന് നസീർ പറയുന്നു.എന്നാൽ തനിക്ക് ഓട്ടോറിക്ഷ ഓടിക്കാൻ അറിയില്ല.എന്ത് കൊണ്ടാണ് അഫ്സാന അത്തരത്തിൽ മൊഴി കൊടുത്തതെന്ന് അറിയില്ലെന്നും നസീർ പറയുന്നു. അഫ്സാന തുടർച്ചയായി മൊഴി മാറ്റിയതോടെ ചോദ്യം ചെയ്യൽ രീതി മാറ്റാനാണ് പൊലീസ് നീക്കം. ഭാര്യയുമായുള്ള സ്വരചേർച്ചയില്ലായ്മയാണ് നൗഷാദിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അതിനിടെ നൗഷാദിനെ കൊലപ്പെടുത്തിയാണെന്ന് അഫ്സാന വെളിപ്പെടുത്തിയിട്ടുണ്ടെന്ന വ്യക്തമാക്കി കൂട്ടുകാരിയും വെളിപ്പെടുത്തിയിട്ടുണ്ട്.