കയ്യും തലയും വെട്ടി കാളീപൂജ നടത്തും’, സി.പി.എം നേതാക്കള്‍ക്കെതിരേ കൊലവിളി മുദ്രാവാക്യവുമായി ബിജെപി

കണ്ണൂര്‍: സി.പി.എം നേതാവ് പി. ജയരാജനും സ്പീക്കര്‍ എ.എന്‍ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്നാണ് മാഹി പള്ളൂരില്‍ വ്യാഴ്ച രാത്രി നടന്ന ബിജെപി പ്രതിഷേധത്തിനിടയിലെ ഭീഷണി.
‘ഞങ്ങളൊന്ന് വിരിച്ചടിച്ചാല്‍ മോര്‍ച്ചറിയൊന്നും തികയില്ല. .. ഹിന്ദുക്കളുടെ നേരെ വന്നാല്‍ കയ്യും കൊത്തും തലയും കൊത്തും ഒറ്റകൈയ്യാ ജയരാജാ ഓര്‍ത്തുകളിച്ചോ സുക്ഷിച്ചോ ‘ എന്നു തുടങ്ങി വളരെ പ്രകോപനവും ഭീഷണിപ്പെടുത്തുന്നതുമായ കൊലവിളി മുദ്രാവാക്യങ്ങളാണ് ആര്‍എസ്എസുകാര്‍ വിളിക്കുന്നത്. കഴിഞ്ഞ ദിവസം യുവമോര്‍ച്ചയ്ക്കെതിരായ പി ജയരാജന്റെ പ്രസംഗം വിവാദമായിരുന്നു. ഇതാണ് ബി.ജെ.പി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷാണ് ഷംസീറിനെതിരെ ആദ്യം ഭീഷണി മുഴക്കി തലശ്ശേരിയില്‍ പ്രസംഗിച്ചത്. ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്‍ രംഗത്തെത്തിയത്.
ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു പി ജയരാജന്റേത്. കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു. അതേസമയം, ഭീഷണികൊണ്ട് ഭയപ്പെടുത്താമെന്ന് ആര്‍എസ്എസ് കരുതേണ്ടയെന്നും സംഘപരിവാറിന്റെ വിഡ്ഢിത്തങ്ങളെ ഇനിയും തുറന്നെതിര്‍ക്കുമെന്നും പി ജയരാജന്‍ ആവര്‍ത്തിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വിവാദ ഭീഷണി പ്രസംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജയരാജന്റെ ഫേസ് ബുക്ക് കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page