സഹപാഠിയുടെ കുളിമുറിദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയ സംഭവം; മൂന്ന് കോളേജ് വിദ്യാർഥിനികൾക്കെതിരേ കേസ്
മംഗളൂരു: സഹപാഠിയുടെ കുളിമുറിദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയെന്ന സംഭവത്തിൽ ഉഡുപ്പിയിലെ മൂന്ന് കോളേജ് വിദ്യാർഥിനികൾക്കെതിരേ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസിലെ മൂന്ന് നഴ്സിങ് വിദ്യാർഥിനികൾക്കെതിരെയാണ് മാൽപേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കോളേജിനെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി എസ്.പി. അക്ഷയ് ഹാക്കായ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഉഡുപ്പിയിലെ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂലായ് 18-നാണ് ഉഡുപ്പിയിലെ നഴ്സിങ് കോളേജ് വിദ്യാർഥിനി സഹപാഠികൾക്കെതിരേ കോളേജ് അധികൃതർക്ക് പരാതി നൽകിയത്. സഹപാഠികളായ മൂന്നുപെൺകുട്ടികൾ തന്റെ കുളിമുറിദൃശ്യങ്ങൾ രഹസ്യമായി മൊബൈൽഫോണിൽ പകർത്തിയെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് മൂന്ന് പെൺകുട്ടികളെയും കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.പ്രാങ്ക് വീഡിയോ എന്ന പേരിലാണ് ഇത് ചിത്രീകരിച്ചതെന്നും വീഡിയോ ഡിലീറ്റ് ചെയ്തെന്നുമാണ് പെൺകുട്ടികൾ മറുപടി നൽകിയതെന്നായിരുന്നു കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മൂന്നുവിദ്യാർഥിനികളും ക്ഷമാപണം നടത്തി. വിവരം പോലീസിലും അറിയിച്ചു. വിദ്യാർഥിനികൾ ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ പോലീസിന് കൈമാറിയതായും കോളേജ് അധികൃതർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.