തൃക്കരിപ്പൂര്‍: ആലപ്പുഴയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ തൃക്കരിപ്പൂരില്‍നിന്നു പിടികൂടി. കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി പി പ്രജിത്താ(32)ണ് അറസ്റ്റിലായത്. തൃക്കരിപ്പൂരില്‍ പാചക തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയാണ് ചന്തേര എസ് ഐ എം വി ശ്രീദാസും സംഘവും യുവാവിനെ പിടികൂടിയത്. ഒന്നരമാസം മുമ്പ് ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പട്ടണക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കാസര്‍കോട് ജില്ലയില്‍ ഉണ്ടെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് പോലീസ് ചന്തേര പോലീസ് സ്റ്റേഷനില്‍ സന്ദേശം എത്തിച്ചിരുന്നു. കൊലപാതകശ്രമത്തിനുശേഷം ഒളിവില്‍ പോയ പ്രതി കഴിഞ്ഞ ഒരു മാസമായി തൃക്കരിപ്പൂരിലെ ഒരു ഹോട്ടലില്‍ പാചക തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച രാത്രി താമസ സ്ഥലത്തുപോയി കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പട്ടണക്കാട് പോലീസിന് കൈമാറി