പത്തനംതിട്ട : ഇടയാറന്‍മുളയില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ എസിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എ ഇ ഒയുടെ റിപ്പോര്‍ട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകന് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഗുരുക്കന്‍കുന്ന് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ഗണിതശാസത്ര അധ്യാപകനായ ബിനുവിനെ ചൊവ്വാഴ്ച വൈകീട്ട് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. കണക്ക് ചെയ്യാത്തതില്‍ പ്രകോപിതനായി അധ്യാപകന്‍ ഇരുകൈത്തണ്ടയിലും അടിച്ചെന്നാണ് പരാതി. കുട്ടിയുടെ മുത്തശ്ശിയാണ് ആറന്മുള പൊലീസില്‍ പരാതി നല്‍കിയത്. ആകെ രണ്ട് കുട്ടികളാണ് ക്ലാസിലുള്ളത്. ഇതില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി മാത്രമാണ് സംഭവ ദിവസം ക്ലാസിലുണ്ടായിരുന്നത്. അധ്യാപകന്‍ നല്‍കിയ കണക്കുകള്‍ ചെയ്യാന്‍ അറിയില്ലെന്ന് കുട്ടി ആവര്‍ത്തിച്ച് പറഞ്ഞതാണ് അടിക്കാന്‍ പ്രകോപനമായത്. ഇരുകൈകളിലും അധ്യാപകന്‍ തുടരെ അടിച്ചെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടതോടെ ജുവനൈല്‍ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തു. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. അധ്യാപകന്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അധ്യാപകരാണ് പ്രതികരിച്ചിരിക്കുന്നത്.