കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു. ജീവനക്കാരെയും കൊണ്ടുവന്ന പോലീസുകാരെയും ആക്രമിച്ചു. കൈയ്യില്‍ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ജീവന്‍ പണയം വച്ചാണ് കീഴ്‌പ്പെടുത്തിയത്. കണ്ണൂര്‍ ചാലക്കാട് പൊന്നന്‍പാറ സ്വദേശി ഷാജിത്ത് (46) ആണ് ആശുപത്രിയില്‍ അക്രമം അഴിച്ച് വിട്ടത്. ബുധനാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. ആദ്യം കൊയിലാണ്ടി പോലീസ് സ്റ്റേഷനിന്‍ ഓടിക്കയറിയ ഇയാള്‍ എനിക്ക് പണംതരാനുള്ള ആള്‍ ഇവിടെയുണ്ടെന്ന് ആക്രോശിച്ചുകൊണ്ടാണ് സ്റ്റേഷന്‍ കയറി ഗ്രില്‍സില്‍ തലകൊണ്ട് കുത്തിയായിരുന്നു അക്രമണം. ഇതോടെ അയാളുടെ തലക്ക് കാര്യമായ പരിക്കേറ്റതോടെ പോലീസ് ഇയാളെ കീഴടക്കി താലൂക്കാശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെയാണ് ഏറെ നേരം അക്രമം അഴിച്ചുവിട്ടത്. ജീവനക്കാരില്‍ പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒടുവില്‍ പോലീസും സെക്യൂരിറ്റി ജീവനക്കാരും രോഗികളോടൊടൊപ്പം വന്ന സഹായികളും ചേര്‍ന്ന് ഇയാളെ കീഴ്‌പെടുത്തി കൈകൈലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.