പഞ്ഞമാസത്തിലെ ആധിയും വ്യാധിയുമകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി

കാഞ്ഞങ്ങാട്: നാടിന്റെയും നാട്ടുകാരുടെയും ആധിവ്യാധികള്‍ അകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി തുടങ്ങി. മടിക്കൈയില്‍ പാര്‍വ്വതി രൂപമണിഞ്ഞ തെയ്യക്കോലവുമായി ഇറങ്ങിയത് വണ്ണാന്‍ സമുദായക്കാരാണ്.
വീട്ടില്‍ നിന്നും കോലമണിഞ്ഞ് മുതിര്‍ന്ന തെയ്യക്കാരുടെ അകമ്പടിയോടെ കോട്ടറക്കാവ് ഭഗവതി ക്ഷേത്രത്തില്‍ തൊഴുതു വണങ്ങി അനുഗ്രഹം വാങ്ങിച്ചാണ് തെയ്യക്കോലം പ്രയാണം തുടങ്ങിയത്. തുടര്‍ന്ന് കോട്ടപ്പാറ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അതിനു ശേഷമാണ് വീടു വീടാന്തരം അനുഗ്രഹം ചൊരിഞ്ഞ് യാത്ര തുടങ്ങിയത്. ഈ മാസം സംക്രമംവരെ തെയ്യക്കോലങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ എത്തും.
പഞ്ഞ മാസമായ കര്‍ക്കടകത്തിലെ ആധികളും വ്യാധികളും ആടിയൊഴിപ്പിക്കാനാണു കര്‍ക്കടക തെയ്യങ്ങള്‍ വീടുകളിലെത്തുന്നത്. തെയ്യം ആടിക്കഴിയുമ്പോള്‍ വീട്ടിലുള്ളവര്‍ കത്തുന്ന വിളക്കു തിരിക്കു ചുറ്റും വെള്ളത്തില്‍ മഞ്ഞള്‍ കലക്കിയൊഴിക്കും. ഇതോടെ ദുരിതങ്ങളെല്ലാം അകന്നുപോകുമെന്നാണു വിശ്വാസം. ഓരോ മേഖലയിലും തെയ്യം കെട്ടാന്‍ അവകാശമുള്ള കുടുംബങ്ങളിലെ കുട്ടികളാണു കോലമണിയുക. രാവിലെ ദേശ സഞ്ചാരത്തിനിറങ്ങിയാല്‍ വൈകുന്നേരം വരെ അതു തുടരും. കാസര്‍കോട് ജില്ലയില്‍
ഗളിഞ്ചന്‍, ആടി വേടന്‍ എന്നിങ്ങനെ വിവിധ സമുദായങ്ങള്‍ കെട്ടിയാടുന്ന വ്യത്യസ്ത കര്‍ക്കിടക തെയ്യങ്ങളുണ്ട്. ശിവനും പാര്‍വ്വതിയും വേടന്റെയും വേഷത്തില്‍ അര്‍ജുനനെ പരീക്ഷിക്കാനെത്തിയതുമായി ബന്ധപ്പെട്ടതാണ് കര്‍ക്കിടക തെയ്യത്തിന് പിന്നിലെ ഐതിഹ്യം. കുട്ടികളാണ് കൂടുതലായും തെയ്യക്കോലമണിയുന്നത്. കര്‍ക്കിടകാരംഭം മുതല്‍ സംക്രമം വരെയാണ് കര്‍ക്കിടക തെയ്യങ്ങളിറങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page