കാസര്‍കോട്: യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ നിരവധി കേസുകളില്‍ പ്രതികളായ രണ്ടു പേര് അറസ്റ്റില്‍. മയ്യില്‍, പെരുവങ്ങൂര്‍, ചിറമ്മല്‍ പുതിയ പുരയില്‍ ഹൗസില്‍ എ.കെ റഫീഖ് (37), മുഴുപ്പിലങ്ങാട്, കുളംബസാര്‍ കൂരന്റെവളപ്പില് കെ.വി ഖാലിദ് (42) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റില് എത്തിയ ആലക്കോട് സ്വദേശിയായ ബിജുവിനെ ആക്രമിച്ച് ട്രൗസറിന്റെ കീശയിലുണ്ടായിരുന്ന ഏഴായിരം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇതു സംബന്ധിച്ച് ബിജു ഉടന്‍ പൊലീസില്‍ പരാതി നല്കി. പൊലീസ് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ അരിച്ചു പെറുക്കിയാണ് പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്. വളപട്ടണം പൊലീസ് സ്റ്റേഷനിലുള്ള പിടിച്ചുപറി കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന റഫീഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഖാലിദിനെതിരെ കവര്‍ച്ച ഉള്‍പ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.