കാസര്‍കോട്: അടച്ചിട്ട വീടുകളില്‍ പകല്‍ നേരങ്ങളില്‍ എത്തി കവര്‍ച്ച നടത്തുന്നത് പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ഹൊസങ്കടി, ഗുഡ്ഡെ ഹൗസ് സ്വദേശിയും മഞ്ചേശ്വരം, മൂടംബയലില്‍ താമസക്കാരനുമായ സൂരജി(36)നെയാണ് ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവി എന്‍. യതീശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഡിസംബര്‍ 20ന് പകല്‍ പുത്തൂര്‍, ഭക്തക്കോടിയിലെ കിഷോര്‍ പൂജാരിയുടെ വീട്ടില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ചാ കേസിലാണ് അറസ്റ്റ്. പ്രതിയില്‍ നിന്നു 200 ഗ്രാം സ്വര്‍ണ്ണവും കാറും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സൂരജിനെതിരെ വിട്‌ള പൊലീസ് സ്റ്റേഷനില്‍ നാലും പുത്തൂര്‍ കടബ, ബണ്ട്വാള്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളും ഉള്ളതായി പൊലീസ് പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് ബിസനസുകാരനെന്നു പറഞ്ഞ് കാറില്‍ ചുറ്റിക്കറങ്ങുകയാണ് ഇയാളുടെ രീതി. ഇതിനിടയില്‍ അടഞ്ഞു കിടക്കുന്ന വീടുകളില്‍ കയറി കവര്‍ച്ച നടത്തുകയാണ് സൂരജിന്റെ പതിവെന്നു പൊലീസ് പറഞ്ഞു. സമാനരീതിയിലുള്ള കവര്‍ച്ച വ്യാപകമായതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/shfbdsg.jpg)