കാസര്‍കോട്: ഇ ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം സ്വകാര്യ ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ നിന്നു ലക്ഷങ്ങളുമായി കടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിനായി രൂപീകരിച്ച നാലു സംഘങ്ങളില്‍ ഒരു ടീം കാസര്‍കോട്ടെത്തിയതായി സൂചന. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ പൊലീസ് വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.
ഒരാഴ്ച മുമ്പാണ് കര്‍ണ്ണാടകയിലെ സ്വകാര്യ ബീഡി കമ്പനിയായ ‘ശിങ്കാരി’യുടെ ഉടമസ്ഥനായ വിട്‌ള, കല്ലടുക്ക ബൊളന്തൂരിലെ സുലൈമാന്‍ ഹാജിയുടെ വീട്ടില്‍ കേസിനു ആസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറില്‍ എത്തിയ ഏഴംഗ സംഘം ഇ ഡി ഉദ്യോഗസ്ഥരെന്നാണ് വീട്ടുകാരോട് പറഞ്ഞത്. വീട്ടില്‍ വിശദമായി പരിശോധന നടത്തണമെന്ന് അറിയിച്ച സംഘം വീട്ടിലെ എല്ലാ മൊബൈല്‍ ഫോണുകളും കൈവശപ്പെടുത്തിയാണ് മൂന്നു നിലകളിലുള്ള വീട്ടിനകത്ത് പരിശോധന നടത്തിയത്. രാത്രി 8.30 മണിക്ക് തുടങ്ങിയ പരിശോധന 10.45 മണിയോടെയാണ് അവസാനിപ്പിച്ചത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 ലക്ഷം രൂപയുമായാണ് സംഘം കടന്നു കളഞ്ഞത്. സംഘം പോയതിനുശേഷമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന കാര്യം സുലൈമാന്‍ ഹാജിക്കും കുടുംബത്തിനും ബോധ്യമായത്. മൂന്നാമത്തെ നിലയില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു ഫോണുകളും സിംകാര്‍ഡ് ഊരിവച്ച നിലയില്‍ കണ്ടെത്തിയതാണ് സംശയത്തിനു ഇടയാക്കിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരിശോധനയ്ക്കാണെന്ന് പറഞ്ഞ് എത്തിയത് യഥാര്‍ത്ഥ ഇ ഡി ഉദ്യോഗസ്ഥരല്ലെന്നു ഉറപ്പിച്ചു. തുടര്‍ന്ന് വിട്‌ള പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയായിരുന്നു. ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ നാലു ടീമുകളായാണ് അന്വേഷണം തുടരുന്നത്. ഈ സംഘങ്ങള്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. ഇവരില്‍ കേരളത്തിലേയ്ക്ക് നിയോഗിക്കപ്പെട്ട സംഘമാണ് കാസര്‍കോട്ടെത്തിയതെന്നാണ് സൂചന.