കാസര്‍കോട്: കാസര്‍കോട്ടേ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ (60) താമസസ്ഥലത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. മരണപ്പെട്ട അബ്ദുല്‍ സത്താറിന്റെ മക്കള്‍ അടക്കമുള്ള ബന്ധുക്കളില്‍ നിന്നു മൊഴിയെടുക്കുന്നതിനായി ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടന്‍ മംഗ്‌ളൂരുവിലേക്ക് പോകും.
ഒക്ടോബര്‍ ഏഴിനു വൈകുന്നേരമാണ് ഓട്ടോ ഡ്രൈവറായ അബ്ദുല്‍ സത്താറിനെ തായലങ്ങാടിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ ഓട്ടോ പൊലീസ് അകാരണമായി പിടിച്ചുവച്ചിരിക്കുന്നുവെന്നും ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കുന്നുവെന്നും സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ട ശേഷമായിരുന്നു അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയത്. കാസര്‍കോട് ടൗണ്‍ എസ്.ഐ ആയിരുന്ന അനൂബിന്റെ പീഡനമാണ് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നു ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആരോപണ വിധേയനായ എസ്.ഐ.യെ സസ്‌പെന്റ് ചെയ്തത്. കാസര്‍കോട്ട് ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമാണ് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ. പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്.
അബ്ദുല്‍ സത്താറിന്റെ സുഹൃത്തുക്കള്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരില്‍ നിന്നു കഴിഞ്ഞ ദിവസങ്ങളില്‍ മൊഴിയെടുത്തിരുന്നു.