കാസര്‍കോട്: കാസര്‍കോട് ജില്ലയിലടക്കം 500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നു. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ നോട്ടിനെ വെല്ലുന്ന കള്ളനോട്ടുകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നോട്ടിന്റെ മുകള്‍ഭാഗത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന ഭാഗത്തു റിസര്‍വ്വ് എന്നതിലെ ‘ഇ’ എന്ന അക്ഷരത്തിനു പകരം ‘എ’ എന്ന അക്ഷരമാണ് വ്യാജനോട്ടില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതു തന്നെയാണ് കള്ളനോട്ട് തിരിച്ചറിയാനുള്ള മാര്‍ഗമെന്ന് അധികൃതര്‍ വ്യക്തമാക്കി. വലിയ ഇടപാടുകളിലാണ് ഇത്തരത്തിലുള്ള നോട്ടുകള്‍ വിനിയോഗിക്കാന്‍ സാധ്യതയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേ സമയം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കാസര്‍കോട്ടെ ഒരു ദേശസാല്‍കൃത ബാങ്കില്‍ അടക്കാന്‍ കൊണ്ടുവന്ന നോട്ടുകെട്ടുകളില്‍ അഞ്ചു കള്ളനോട്ടുകള്‍ കണ്ടെത്തിയതിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒറിജിനല്‍ നോട്ടിന്റെ ഫോട്ടോകോപ്പികളാണ് അന്നു പിടികൂടിയിരുന്നത്. കള്ളനോട്ട് സംബന്ധിച്ച് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടങ്ങിട്ടുണ്ട്.